എഴുതി തീരാത്ത എക്സാമുകള്‍ എഴുതി തീര്‍ക്കാനാണ് ചട്ടഞ്ചാലിലെ ആ വീട് എടുത്തത്. വാടകയ്ക്കൊന്നുമല്ല കേട്ടോ എന്‍റെ സുഹൃത്ത് മനുവിന്‍റെ കസിനും സര്‍വോപരി പൊയ്നാചിയിലെ ഞങ്ങളുടെ കലാ(പ) പരിപാടികളുടെ മുഖ്യസ്പോണ്‍സറുമായ നാദേട്ടന്‍ റബ്ബര്‍ നഴ്സറി, മില്ല് തുടങ്ങി നടത്തി പോരുന്ന ബിസിനസ്കള്‍ക്ക് സഹായമാകാന്‍ വാടകയ്ക്കെടുത്തിട്ട വീടാണ് അത്. അവിടെയാണ് മനുവിനെയും നാദേട്ടനെയും ഓസി ഞങ്ങള്‍ കയറി കൂടിയത്. വീടെന്ന് പറഞ്ഞാല്‍ ഒരസ്സല് ഗോസ്റ്റ് ഹൗസ്. ദേശീയപാതയുടെ തോട്ടടുത്താണെങ്കിലും. അടുത്തെങ്ങും ആള്‍ താമസമില്ല. പിന്നില്‍ ഒരു സ്കൂള്‍ ഉണ്ട്. അതുകൊണ്ട് രാത്രി ആ വശത്തുനിന്നും ആരുടെയും ശല്ല്യം പ്രതീക്ഷിക്കേണ്ട. അതോണ്ടെന്നെ ഒരു ഹൊറര്‍ സ്റ്റോറി വായിക്കാന്‍ പറ്റിയ അന്തരീക്ഷം. എഴുതാന്‍ പോകുന്ന പരീക്ഷകള്‍ക്കെല്ലാം സെഷണല് മാര്‍ക്ക് സീറോ ആയത് കൊണ്ട് എന്നെ സംബന്ധിച്ചെടുത്തോളം അതിന്‍റെ ബുക്കുകളും ആ ഗണത്തില്‍ പെടുത്താം.
എനിക്കൊപ്പം ഒരു സഹയാത്രികന്‍ കൂടിയുണ്ട്, പരിചയപ്പെടുത്തട്ടെ പേര് വിനില്‍ - വിനില്‍ ടി കായലോട്, കൂത്തുപറമ്പിനടുത്ത് കായലോടില്‍ സ്ഥിരം വിലാസം.
ഞങ്ങള്‍ രണ്ടാളും കൂടി വാഹന സര്‍വേ (ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണമെടുക്കല്‍) യാത്രിക സെന്‍സസ്(വായ്നോട്ടം) തുടങ്ങിയ കലാപരിപാടികളുമായി ദിവസം തള്ളി നീക്കാന്‍ തുടങ്ങി. പിന്നെ ഏറ്റവും പ്രധാനപെട്ട കാര്യം, ഭക്ഷണം. അതിന് കുറച്ചപ്പുറത്ത് ഒരു ഇച്ചയുടെ ഹോട്ടല്‍ ഉണ്ടായിരുന്നു. ഒരു നേരം ചായകുടിക്കാന്‍ കയറിയതാണ് ഇച്ചയുടെ സ്നേഹവും അത്രതന്നെ ടേസ്റ്റുള്ള ഭക്ഷണവും കാരണം ഞങ്ങള്‍ എല്ലാ നേരവും അങ്ങോട്ട് തന്നെയാക്കി.
ഇങ്ങനെ ജീവിതം ഒരു ‘സില്‍സില’ യായി മുന്നോട്ട് പോകുമ്പോഴാണ് ഞങ്ങള്‍ ഭയന്ന ആ ദിവസം വന്നത്. ഞായറാഴ്ച. അന്ന് ഇച്ച കട തുറക്കില്ല. പിന്നെ എന്തെങ്കിലും കഴിക്കണമെങ്കില്‍ പോയ്നാച്ചി ടൌണിലോ ചട്ടഞ്ചാല്‍ ടൌണിലോ എത്തണം. അവിടെ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തുമ്പോഴേക്കും വീണ്ടും വിശക്കും അപ്പോള്‍ വീണ്ടും പോകാം. ഇങ്ങനെ പോക്കും വരവുമായി സമയം അതിന്‍റെ പാട്ടിനു പോകും അല്ലാതെ പഠനം ഒന്നും നടക്കില്ല. പിറ്റേ ദിവസമാണെങ്കില്‍ കണ്‍ട്രോള്‍ സിസ്റ്റം എക്സാമും. അങ്ങനെയാണ് ഞങ്ങള്‍ ആ കടും കൈക്ക് ഇറങ്ങിയത്. സെല്‍ഫ് കുക്കിംഗ്.
വീടായത് കൊണ്ട് അവിടെ അടുപ്പ് ഉണ്ടായിരുന്നു. പിന്നെ മുന്‍പ് താമസിച്ചവര് ശേഖരിച്ചു വച്ച കുറച്ചു ചിരട്ടയും.അവര്‍ ഉപേക്ഷിച്ചു പോയ ഒരു കലവും. ഇതൊക്കെ കണ്ടപ്പോള്‍ ആത്മവിശ്വാസം കൂടി. പിന്നെ താമസിച്ചില്ലഒരു കിലോ അരി, ഒരു പാക്കറ്റ് തൈര്, ഒരു പാക്കറ്റ് അച്ചാര്‍, ഉപ്പ് പാകത്തിന്. ഇത്രയും ഒപ്പിച്ചു. ഇളക്കാനും വേവ് നോക്കനുമായി ഒരു സ്ക്രൂ ഡ്രൈവര്‍ കൂടി കിട്ടിയപ്പോള്‍ പാചക എഞ്ചിനിയറിംഗിന്‍റെ കംപോണന്‍റ്സ് റെഡി.
കലത്തെ കുളുപ്പിച്ച് കുട്ടപ്പനാക്കി. അതില്‍ അരി കഴുകിയിട്ടു കുറേ വെള്ളോം ഒഴിച്ചു. എന്നിട്ട് അടുപ്പില്‍ ചിരട്ടയും തൊടിയില്‍ നിന്ന് കിട്ടിയ മടലും ഓലയും നിറച്ചു. സര്‍ക്യൂട്ടും റെഡി. എനി ഏക്സൈറ്റെഷന്‍ കൊടുക്കണം. അതിനു തീ കൊടുത്ത് ഊതലോടു ഊതല്‍. ഗ്യാസും മണ്ണെണ്ണയുമോന്നുമില്ലാതെ പാചകം ചെയ്യുന്ന അമ്മമാര്‍ക്കും ഭാര്യമാര്‍ക്കുമൊക്കെ നോബല്‍ സമ്മാനം കൊടുക്കണം അത്രയും കഷ്ടപ്പടാണ് ആ പണി. എല്‍. പി. ജി ക്ക് വിലകൂട്ടാന്‍ നോക്കുന്ന നമ്മുടെ മന്ത്രിമാര്‍ ഒരു നേരമെന്കിലും ഈ പണി ചെയ്‌താല്‍ കൂട്ടുന്നതിനു പകരം വില പകുതിയാക്കി കുറയ്ക്കും എന്നതിന് ഒരു സംശയവും വേണ്ട.
അങ്ങനെ എങ്ങനെയോക്കയോ കത്തിച്ച് ഞങ്ങള്‍ ഒരിടത്ത് പഠിക്കാന്‍ ഇരുന്നു. അപ്പോഴാണ് അരി തിളയ്ക്കാന്‍ തുടങ്ങിയത്. തിളച്ച് തിളച്ച് വെള്ളം മറഞ്ഞ് തീ കെട്ടു. ബുക്ക് അടച്ചു വച്ച് ഞങ്ങള്‍ വീണ്ടും തീ ഊതാന്‍ ഇറങ്ങി. ഞങ്ങള്‍ ഊതി കത്തിക്കും വെള്ളം മറിഞ്ഞു അത് കെടും. ഞങ്ങള്‍ കത്തിക്കും കലം കെടുത്തും. ഇങ്ങനെ പോയാല്‍ ശരിയാവില്ല. ഈ കാലമാടനെ ശരിപ്പെടുത്തിയിട്ട് തന്നെ കാര്യം എന്നുറച്ച് കയ്യില്‍ കുറേ ചിരട്ടയും വിരകുമെടുത്ത് മുന്നോട്ടാഞ്ഞു. അപ്പോള്‍ വിനില്‍ എന്നെ തടുത്തു.
“ശ്..അത് ശ്രദ്ധിച്ചോ ?”
എനിക്ക് നല്ല ദേഷ്യം വന്നു. വിശന്നു കണ്ണ് കാണാതെയിരിക്കുമ്പോഴാണ് ഓന്‍റെരു ശ്രദ്ധ.
“ അതൊരു കണ്‍ട്രോള്‍ സിസ്റാണെടാ. തിളയ്ക്കുന്നതിനനുസരിച്ച് ചൂടു നിയന്ത്രിക്കുന്ന ഒരു ഫീഡ്ബാക്ക് കണ്ട്രോള്‍ സിസ്റ്റം”
അതെ ഒരു ലാബ് മാന്വലിലും പെടാത്ത അടുക്കളയുടെ കണ്‍ട്രോള്‍ സിസ്റ്റം.