Wednesday, 26 October 2011

ഒരു മനുഷ്യന്‍ (ഇത് ബഷീറിന്‍റെ കഥയല്ല )

ഇരുട്ടിനെ വെളിച്ചമാക്കി തെരുവുതെണ്ടിയ എണ്ണമറ്റ എല്‍ ബി എസ് രാവുകളില്‍ ഒന്ന്‍,  യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ പോസ്റ്ററൊട്ടിക്കാന്‍  ഹൈവേയിലെക്കിറങ്ങിയതായിരുന്നു ഞങ്ങള്‍ സംഘാടകര്‍. ഹോസ്റ്റല്‍ മുറികളെക്കാള്‍ വൃത്തിയുള്ള ദേശീയ പാതയിലിരുന്ന്‍ പോസ്റ്ററുകള്‍ക്ക് മൈദ പുരട്ടി പാതയ്ക്കിരു വശവുമുള്ള ഒഴിഞ്ഞ സ്ഥലങ്ങളെ കീഴടക്കി കൊണ്ടു ഞങ്ങള്‍  മുന്നേറി.  ഒരു ടി ടി സി സെന്‍ററിന്‍റെ മതിലിനു പോസ്റ്ററൊട്ടിക്കുകയായിരുന്നു.അപ്പോഴാണ്‌ അയാള്‍ വന്നത്. കുളിച്ചൊരുങ്ങി നന്നായി വസ്ത്രം ധരിച്ച ഒരാള്‍‍. വന്നപാടെ ആരോടും ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യാതെ അയാള്‍ കെട്ടില്‍ നിന്ന് പോസ്റ്ററെടുത്ത് മൈദ പുരട്ടി ഒട്ടിക്കാന്‍ തുടങ്ങി. ഒട്ടും പരിചയമില്ലാത്ത അയാളുടെ ഈ പ്രവര്‍ത്തി നവരസങ്ങളിലേതു കൊണ്ട് ഞങ്ങള്‍ സ്വീകരിച്ചു എന്നോര്‍മ്മയില്ല എന്നാലും ചെറുതല്ലാതെ അത് ഞങ്ങളെ അത്ഭുതപ്പെടുത്തി. പ്രത്യേകിച്ചും എല്‍ ബി എസ്സിലെ സഖാക്കളെ കിട്ടിയാല്‍ പൊകച്ചു കളയാന്‍ നടക്കുന്ന നാട്ടില്‍   ഒരാളിങ്ങനെ അനുഭാവം പ്രകടിപ്പിക്കുമ്പോള്‍.

“അവസാനം പൈസ ചോദിക്കുവാനാകും” കൂട്ടത്തില്‍ ആരോ പറഞ്ഞു.

"അതൊന്ന്വല്ലടാ, ഇത് എല്‍. ബി. എസ്സി ലെ പഴയ ഏതോ ജനറല്‍ സെക്രട്ടറിയായിരിക്കും, സപ്പ്ളി എഴുതാന്‍ കാശില്ലാതെ വീട്ടീന്നിറക്കി വിട്ടതാവും” കമന്‍റ് ജനറല്‍ സെക്രട്ടറി സച്ചിന്‍റെതായിരുന്നു. 

ഏതയാലും ഒരു സംസാര വിഷയമാകുന്നതില്‍ താത്പര്യമില്ലാഞ്ഞിട്ടോ, ചെയ്ത പണി മടുത്തിട്ടോ എന്നറിയില്ല അയാള്‍ ഒട്ടിക്കുന്നത് നിര്‍ത്തി അടുത്തു കണ്ട ഒരു കടത്തിണ്ണയിലേക്ക്‌ പോയി. അവിടെ അയാളെയും കാത്ത്‌ ഒരു നായയിരിക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ തിരിച്ചു നടന്നു.  ചോദ്യങ്ങള്‍ ഒരുപാട് അവശേഷിച്ചിരുന്നു.

അയാള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ? സംശയം പ്രകടിപ്പിച്ചത് ഷിമിലാണ്.  പട്ടിണിയാണെങ്കില്‍ അയാള്‍ക്കെന്തികിലും വാങ്ങിക്കൊടുക്കാമെന്നു നിനച്ച്  ഞങ്ങള്‍ രണ്ടപേരും  അയാള്‍ക്കരികിലേക്ക് തിരിച്ച് നടന്നു. 

“ഈ സമയത്ത്‌ ചേട്ടനെന്താ ഇവിടെ? തിരിച്ചു പോകുന്നില്ലേ? വീട്ടില്‍ അന്വേഷിക്കുന്നുണ്ടാകും”
“ഇല്ലപ്പാ എന്‍റെ പൊര ഈടന്നെ, ആ പാലത്തിന്‍റെ അപ്രത്ത്‌”  . തനി കാസര്‍ഗോഡ്‌ സ്ലാങ്ങില്‍ അയാള്‍ മറുപടി പറഞ്ഞു
“ഭക്ഷണം കഴിച്ചതാണോ?
“ഞാന്‍ കുളിച്ചിറ്റും ബെയ്ചിറ്റുഅല്ലം ബെര്‌ ന്നത്”
(കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു വരുന്നു)
അയാള്‍ക്ക് മെന്‍റലായിരിക്കുമെന്നു കരുതി തിരിഞ്ഞു നടക്കാന്‍ നേരം ഷിമില്‍ ചോദിച്ചു
“ചേട്ടാ കല്യാണം കഴിഞ്ഞതാണോ?  വീട്ടില്‍ ഭാര്യയും മക്കളും കാത്തിരിക്കുന്നുണ്ടാകും.
“മങ്കലം കയ്ഞ്ഞ്”
(കല്യാണം കഴിഞ്ഞു)
“എന്നാല്‍ വീട്ടില്‍ പോയിക്കൂടെ . അവര്‍ നിങ്ങളെ അന്വേഷിച്ച് വേവലാതിപ്പെടുന്നുണ്ടാകും”
“ഓളൊരു പോക്ക് കേസ് , അവരെല്ലം കൂട തലേകെട്ടി വച്ചത്,  വീട്ടില് നിന്നാ ഉപ്പ്യുയായിറ്റ്‌ കലമ്പാവും.  അയാക്ക്‌ വയസായി, രാത്രിയായാ ഞാനിങ്ങോട്ട് വരും. പോലര്‍ന്നാ ഞാന്‍ പോരക്ക് പോയി കുളിചിറ്റ് ജോലിക്ക് പോവും.
(അവളൊരു ദുര്‍ന്നടപ്പുകാരിയാണ്. അവരെല്ലാരും ചേര്‍ന്ന് എന്‍റെ തലയില്‍ കെട്ടി വച്ചതാണ്. വീട്ടില് നിന്നാല്‍ വൃദ്ധനായ  ഉപ്പയുമായി വഴക്കിടേണ്ടി വരും. അതു കൊണ്ടു രാത്രിയായാല്‍ ഇങ്ങോട്ട് വരും)

ഇപ്രാവശ്യം തരിച്ചു നിന്നത് ഞങ്ങളാണ്. രാവന്തിയോളം അധ്വാനം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ സ്വൊന്തം കിടപ്പറയ്ക്ക്മുന്നില്‍ ഊഴം കാത്തു നില്‍ക്കേണ്ടിവരുന്ന അയാള്‍ ഇനിയാരോടു പരാതിപ്പെടാന്‍.  കല്ല്യാണ ചതികൊണ്ടു സ്വൊന്തം സ്വപ്നങ്ങള്‍ക്ക് ചിത തീര്‍ത്തവരോടുള്ള പ്രതിഷേധമാണോ കടത്തിണ്ണയില്‍ നയയ്കൊപ്പം അന്തിയുറങ്ങി അയാള്‍ പ്രകടിപ്പിക്കുന്നത്? ‍ അതോ സ്വന്തം ഷണ്ടത്വത്തിനു പറ്റിയ ഇണ നായയാണെന്ന ചിന്തയോ? സ്നേഹത്തിന്‍റെ മുഖംമൂടിയണിഞ്ഞു അയാളെ ചതിച്ചത് ആരായിരിക്കാം?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ആ മുഖം മനസിനെ വീര്‍പ്പു മുട്ടിക്കുന്നു.

No comments:

Post a Comment